ഷാർജ∙ ഷാർജയിൽ കൊല്ലപ്പെട്ട ഉഡുപ്പി കുന്താപുരം സ്വദേശി ആൽവിൻ പ്രകാശ് കുന്ദറെ (51)യുടെ മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വിശദീകരണവുമായി ഷാർജ പൊലീസ്. കൊല്ലപ്പെട്ടയാളുടെ ഭാര്യയെയും മകനെയും കാണാനില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും സുരക്ഷിതരാണെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായും കുറ്റാന്വേഷണ വിഭാഗത്തിന്റെ പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
ഭാര്യയെയും മകനെയും കാണാനില്ലെന്ന തരത്തിൽ യാതൊരു പരാതിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഷാർജ പൊലീസ് വ്യക്തമാക്കി. നേരത്തെ പുറത്തുവന്ന ചില റിപ്പോർട്ടുകളിൽ കുടുംബാംഗങ്ങളെക്കുറിച്ച് വിവരമില്ലെന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ പുതിയ ഔദ്യോഗിക വിശദീകരണത്തിലൂടെ പൊലീസ് ഈ പ്രചാരണം തള്ളുകയായിരുന്നു.
കഴിഞ്ഞ മാസമാണ് സംശയകരമായ സാഹചര്യത്തിൽ ഒരാൾ മരിച്ചതായി ഷാർജ പൊലീസിന് വിവരം ലഭിച്ചത്. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് പ്രൊഫഷനൽ അന്വേഷണ സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളും വിവരങ്ങളും ശേഖരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക ഉത്തരവനുസരിച്ച് മൃതദേഹം വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് മാറ്റി.
തുടർന്ന് ഷാർജ പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗം വിപുലമായ അന്വേഷണവും വിവരശേഖരണവും നടത്തി. ലഭിച്ച തെളിവുകളും വിവരങ്ങളും ശാസ്ത്രീയമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും കേസിന് പിന്നിലെ ആളുകളെക്കുറിച്ചും വിവരങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരായ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.
ആൽവിൻ പ്രകാശ് കുന്ദറെ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ഏകദേശം 14 വർഷമായി ജോലി ചെയ്തിരുന്നയാളായിരുന്നു. ജൂലൈ അവസാനത്തോടെ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ആശങ്കയുണ്ടായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
ഓഗസ്റ്റ് 12ന് ഷാർജ പൊലീസ് ഒരു കാറിന്റെ ബൂട്ടിൽ രണ്ട് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കിയ നിലയിലായിരുന്നുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് മരിച്ചത് ആൽവിൻ പ്രകാശ് തന്നെയെന്ന് ബന്ധുക്കൾക്ക് സ്ഥിരീകരണം ലഭിച്ചത്.
ജൂലൈ 20ന് ശേഷം ആൽവിന്റെ ഫോൺ കോളുകൾക്ക് മറുപടി ലഭിക്കാതിരുന്നതാണ് കുടുംബാംഗങ്ങളിൽ സംശയം ഉയർത്തിയത്. വോയ്സ് സന്ദേശങ്ങൾക്ക് പകരം ടെക്സ്റ്റ് സന്ദേശങ്ങൾ മാത്രം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ആദ്യം അദ്ദേഹം നാട്ടിലേക്ക് പോയതാകാമെന്ന് കമ്പനി അധികൃതരും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനും കരുതിയെങ്കിലും പാസ്പോർട്ട് കമ്പനിയിൽ തന്നെയുണ്ടായിരുന്നത് സംശയം വർധിപ്പിച്ചു. തുടർന്ന് ജൂലൈ 30ന് ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു.
ആൽവിൻ ഭാര്യ ടീനയ്ക്കും പത്താം ക്ലാസ് വിദ്യാർഥിയായ മകനുമൊപ്പമായിരുന്നു ഷാർജയിൽ താമസിച്ചിരുന്നത്. കുടുംബാംഗങ്ങളെ കാണാനില്ലെന്ന തരത്തിലുള്ള വിവരങ്ങൾ പിന്നീട് പ്രചരിച്ചെങ്കിലും ഭാര്യയും മകനും സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായി ഇപ്പോൾ ഷാർജ പൊലീസ് ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും വിവിധ തരത്തിലുള്ള വിവരങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവയ്ക്കുന്നതിനെതിരെ ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് മാത്രം ശേഖരിക്കണമെന്നും വസ്തുതാവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അന്വേഷണത്തെ ബാധിക്കാമെന്നും പൊലീസ് അറിയിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചതായും പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായുമാണ് ഷാർജ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതിനാൽ ഇനി നിയമനടപടികളിലേക്കാണ് കേസ് നീങ്ങുക. അതേസമയം, സംഭവത്തിന്റെ മുഴുവൻ പശ്ചാത്തലവും അന്വേഷണ രേഖകളും അടിസ്ഥാനമാക്കി മാത്രമേ കേസിന്റെ വിശദാംശങ്ങളിൽ അന്തിമ വ്യക്തത ലഭിക്കുകയുള്ളൂ.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഷാർജ പൊലീസിന്റെ പുതിയ വിശദീകരണത്തോടെ ഭാര്യയെയും മകനെയും കാണാനില്ലെന്ന തരത്തിൽ പ്രചരിച്ച വിവരങ്ങൾക്ക് വിരാമമായിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങൾ മാത്രമേ ഇനി പങ്കുവയ്ക്കാവൂ എന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
