വാഷിങ്ടൻ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനോട് അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ താൽപര്യമുണ്ടോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചോദിച്ചതായി ചൈനയിലെ യുഎസ് അംബാസഡർ ഡേവിഡ് പെർഡ്യൂ വെളിപ്പെടുത്തി. കഴിഞ്ഞ ആഴ്ച ഷിയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് ഫോക്സ് ന്യൂസ് സൺഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പെർഡ്യൂ ഇക്കാര്യം പറഞ്ഞത്.
തയ്‌വാന് അമേരിക്ക ആയുധങ്ങൾ വിൽക്കുന്നതിനെക്കുറിച്ച് ഷി ചിൻപിങ് എതിർപ്പ് അറിയിച്ചപ്പോഴാണ് ട്രംപ് ഇത്തരമൊരു ചോദ്യം ഉന്നയിച്ചതെന്നാണ് പെർഡ്യൂ പറഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങൾക്ക് അമേരിക്ക ആയുധങ്ങൾ വിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ചൈനയ്ക്കും ആയുധങ്ങൾ വാങ്ങിക്കൂടേയെന്ന് ഷിയോട് ചോദിച്ചതായാണ് അംബാസഡറുടെ വിശദീകരണം.
എന്നാൽ ഈ ചോദ്യം ട്രംപ് കൃത്യമായി എപ്പോഴാണ് ഉന്നയിച്ചതെന്ന് പെർഡ്യൂ വ്യക്തമാക്കിയിട്ടില്ല. ഷി ചിൻപിങ് അതിന് എന്ത് മറുപടി നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ചൈനയ്ക്ക് അമേരിക്ക ആയുധങ്ങൾ വിൽക്കുന്നതിനുള്ള ഔദ്യോഗിക കരാറോ പദ്ധതിയോ നിലവിലുണ്ടെന്നതിന് തെളിവില്ല. ഒരു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ പിന്നീട് ചൈനയുമായി ആയുധവിൽപ്പനയ്ക്കായി യാതൊരു ഓഫറോ പദ്ധതിയോ ഇല്ലെന്ന് വ്യക്തമാക്കിയതായി സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചൈന–അമേരിക്ക ബന്ധത്തിൽ തയ്‌വാൻ വിഷയമാണ് പ്രധാന തർക്കവിഷയങ്ങളിലൊന്ന്. തയ്‌വാന് അമേരിക്ക നൽകുന്ന ആയുധസഹായത്തെ ചൈന സ്ഥിരമായി എതിർക്കുന്നു. അതേസമയം, തയ്‌വാന്റെ സ്വയംപ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചുവരുന്നത്.
അമേരിക്കൻ നിയമപ്രകാരം തയ്‌വാന്റെ സ്വയംപ്രതിരോധത്തിന് പിന്തുണ നൽകാനുള്ള ബാധ്യത അമേരിക്കയ്ക്കുണ്ട്. അതുകൊണ്ടുതന്നെ തയ്‌വാനിലേക്കുള്ള അമേരിക്കൻ ആയുധവിൽപ്പന വാഷിങ്ടനും ബെയ്ജിങ്ങിനുമിടയിലെ നയതന്ത്ര ബന്ധത്തിൽ ഏറെ സെൻസിറ്റീവായ വിഷയമാണ്.
ഇതിനിടെയാണ് ചൈനയ്ക്ക് തന്നെ അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ താൽപര്യമുണ്ടോയെന്ന ട്രംപിന്റെ ചോദ്യം അംബാസഡർ പുറത്തുവിട്ടത്. എന്നാൽ ഇത് ഔദ്യോഗിക ആയുധവിൽപ്പനാ കരാറിലേക്ക് മാറിയെന്ന വിവരം നിലവിലില്ല. ട്രംപിന്റെ ചോദ്യം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളും ചൈനയുടെ പ്രതികരണവും വ്യക്തമാകാനുണ്ട്.
