ചൈനയുടെ രഹസ്യ ബഹിരാകാശ വിമാനം ക്യാമറയിൽ

0
china-shenlong-secret-space-plane-us-intelligence-satellite-image-ibn-malayalam.jpg

ചൈനയുടെ അതീവ രഹസ്യമായ ബഹിരാകാശ വിമാനത്തിന്റെ (Space Plane) അപൂർവ ചിത്രം പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ രഹസ്യാന്വേഷണ വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (DIA). ചൈനയുടെ ഷെൻലോങ് (Shenlong) എന്നറിയപ്പെടുന്ന പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനത്തിന്റേതെന്ന് കരുതപ്പെടുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ബഹിരാകാശത്ത് മറ്റൊരു പേടകവുമായി ബന്ധിപ്പിച്ച നിലയിലുള്ള വാഹനത്തിന്റെ ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്. 2026 ഒക്ടോബർ 26ന് പുറത്തിറക്കിയ ‘Challenges to Security in Space’ എന്ന റിപ്പോർട്ടിലാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. 2024ൽ മാക്സാർ ടെക്നോളജീസ് (ഇപ്പോൾ വാന്റർ) എന്ന കമ്പനിയുടെ വേൾഡ് വ്യൂ-3 ഉപഗ്രഹമാണ് ചിത്രം പകർത്തിയത്. ഏകദേശം 90 കിലോമീറ്റർ അകലത്തിൽ നിന്നാണ് ചിത്രം ലഭിച്ചത്. വാഹനത്തിന്റെ ചിറകുകൾ, പിൻഭാഗത്തെ സോളാർ പാനലുകൾ, തുറന്ന നിലയിലുള്ള പേലോഡ് ബേ എന്നിവ ചിത്രത്തിൽ വ്യക്തമാണ്. വാഹനത്തിന്റെ പിൻഭാഗത്ത് മറ്റൊരു ബഹിരാകാശ പേടകവും കാണപ്പെടുന്നുണ്ട്. എന്നാൽ ഈ പേടകത്തിന്റെ തിരിച്ചറിയലോ ഷെൻലോങുമായി ബന്ധിപ്പിച്ചതിന്റെ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ല.

ചൈനയുടെ ബഹിരാകാശ പദ്ധതികളിൽ ഏറെ രഹസ്യസ്വഭാവമുള്ള ഒന്നാണ് ഷെൻലോങ്. ‘ദിവ്യനാഗം’ എന്നാണ് ഷെൻലോങ് എന്ന ചൈനീസ് വാക്കിന്റെ അർഥം. സാധാരണ റോക്കറ്റിന്റെ സഹായത്തോടെ ഭ്രമണപഥത്തിലെത്തുകയും ദൗത്യം പൂർത്തിയാക്കിയ ശേഷം വിമാനത്തെപ്പോലെ ഭൂമിയിലെ റൺവേയിൽ തിരിച്ചിറങ്ങുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരം പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2020ലാണ് ചൈനയുടെ ഈ വാഹനത്തിന്റെ ആദ്യ പരീക്ഷണ ദൗത്യം നടന്നത്. തുടർന്ന് 2022ലും 2023ലും ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ നടത്തി. 2023 ഡിസംബറിൽ ആരംഭിച്ച മൂന്നാമത്തെ ദൗത്യം 2024 സെപ്റ്റംബറിലാണ് അവസാനിച്ചത്. നാലാമത്തെ ദൗത്യം 2026 ഫെബ്രുവരി ഏഴിന് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയുടെ ബഹിരാകാശ സേന ഉപയോഗിക്കുന്ന എക്സ്-37ബി (X-37B) എന്ന പരീക്ഷണ ബഹിരാകാശ വിമാനവുമായി ഷെൻലോങിന് രൂപകൽപ്പനയിൽ സാമ്യമുണ്ടെന്നാണ് നിരീക്ഷണം. എന്നാൽ ഇരു വാഹനങ്ങളും പൂർണമായും ഒരുപോലെയല്ല. ചൈനയുടെ ബഹിരാകാശ പദ്ധതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലാത്തതിനാൽ വാഹനത്തിന്റെ കൃത്യമായ ശേഷിയും ദൗത്യലക്ഷ്യങ്ങളും വ്യക്തമല്ല. ഭ്രമണപഥത്തിൽ വസ്തുക്കളെ പുറത്തുവിടുകയും അവയുമായി ഇടപെടുകയും ചെയ്തതായി അമേരിക്കൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ അവയുടെ സ്വഭാവവും ലക്ഷ്യവും സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ചിത്രത്തിലുള്ള വാഹനം ഷെൻലോങ് തന്നെയാണെന്ന് അമേരിക്കൻ റിപ്പോർട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്. ഷെൻലോങിനൊപ്പം ടെങ്‌യുൻ (Tengyun) എന്ന മറ്റൊരു ബഹിരാകാശ വിമാന മാതൃകയും ചൈനയുടെ പദ്ധതികളിലുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ സാങ്കേതികവിദ്യാ മത്സരത്തിനിടെയാണ് പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നത്

0 0 votes
Rate This News Article
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x