ഹോർമൂസിലെ തടസ്സം മറികടക്കാൻ ഇറാഖ്; സിറിയ വഴി എണ്ണ കയറ്റുമതിക്ക് പുതിയ നീക്കം

0
iraq-oil-exports-syria-baniyas-port-hormuz-crisis

ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതി സുഗമമാക്കാൻ പുതിയ ബദൽ മാർഗവുമായി ഇറാഖ്. പതിറ്റാണ്ടുകളായി കാര്യമായി ഉപയോഗിക്കാതിരുന്ന സിറിയ വഴിയുള്ള കരമാർഗം വീണ്ടും സജീവമാക്കിയാണ് ഇറാഖിന്റെ നീക്കം. ഇറാഖിലെ ബസ്റയ്ക്ക് സമീപമുള്ള സംഭരണ കേന്ദ്രങ്ങളിൽ നിന്ന് നൂറുകണക്കിന് എണ്ണ ടാങ്കർ ട്രക്കുകളാണ് സിറിയയിലെ മെഡിറ്ററേനിയൻ തീരത്തുള്ള ബനിയാസ് തുറമുഖത്തേക്ക് ക്രൂഡ് ഓയിലുമായി എത്തുന്നത്.

സാധാരണയായി ഗൾഫ് മേഖലയിലെ തുറമുഖങ്ങൾ വഴിയാണ് ഇറാഖ് ഭൂരിഭാഗം ക്രൂഡ് ഓയിലും കയറ്റുമതി ചെയ്തിരുന്നത്. എന്നാൽ ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണ കയറ്റുമതിക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ട സാഹചര്യം രാജ്യത്തിനുണ്ടായി. ഒപെക് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇറാഖിന് എണ്ണ കയറ്റുമതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായകമാണ്.

സിറിയയിലെ വർഷങ്ങളായുള്ള ആഭ്യന്തര സംഘർഷങ്ങൾക്ക് വിരാമമായതും ഈ കരമാർഗത്തിന് വീണ്ടും പ്രാധാന്യം ലഭിക്കാൻ കാരണമായിട്ടുണ്ട്. ഗതാഗതച്ചെലവ് കൂടുതലാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഈ പാത ഇറാഖിന് തന്ത്രപ്രധാനമായ ബദലാണ്. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ കമ്പനിയായ യുഇസിസി ഹോൾഡിങ് (UCC Holding) ആണ് പുതിയ കരാർ പ്രകാരം എണ്ണ നീക്കം നടത്തുന്നത്. കഴിഞ്ഞ മാസം മുതലാണ് കമ്പനി ട്രക്കുകൾ വഴി ഇറാഖിൽനിന്ന് സിറിയയിലേക്ക് ക്രൂഡ് ഓയിൽ എത്തിച്ചുതുടങ്ങിയത്.

ഇറാഖിലെ സർക്കാർ ഉടമസ്ഥതയിലുള്ള ബസ്റ ഓയിൽ കമ്പനിയുടെ ഡയറക്ടർ ജനറൽ ബാസിം അബ്ദുൽ കരീമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സർക്കാർ എണ്ണ വിപണന കമ്പനിയായ സോമോയുമായുള്ള (SOMO) കരാർ പ്രകാരം പ്രതിദിനം 1.20 ലക്ഷം മുതൽ 1.50 ലക്ഷം ബാരൽ വരെ എണ്ണയാണ് യുഇസിസി കടത്തുന്നത്. ലഭ്യമായ ട്രക്കുകളുടെ എണ്ണത്തിനനുസരിച്ച് പ്രതിദിന കയറ്റുമതി അളവിൽ മാറ്റമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഇറാഖിന്റെ തെക്കൻ മേഖലയിലെ എണ്ണപ്പാടങ്ങളിൽനിന്ന് ശേഖരിക്കുന്ന ക്രൂഡ് ഓയിൽ ബസ്റയ്ക്ക് സമീപമുള്ള ടൂബ സംഭരണ കേന്ദ്രത്തിൽ എത്തിച്ചാണ് ട്രക്കുകളിൽ കയറ്റുന്നത്. തുടർന്ന് മരുഭൂമിയിലൂടെയുള്ള കരമാർഗം സിറിയയിലെ ബനിയാസ് തുറമുഖത്തേക്ക് കൊണ്ടുപോകുന്നു. അവിടെനിന്ന് കപ്പലുകളിൽ കയറ്റിയാണ് അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണ എത്തിക്കുന്നത്.

നിലവിൽ 6,000 ട്രക്കുകളുള്ള യുഇസിസി ഈ പാതയ്ക്കായി വാഹനങ്ങളുടെ എണ്ണം 10,000 ആയി ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഏകദേശം 10,000 ഡ്രൈവർമാരും ഈ പ്രവർത്തനത്തിനായി കമ്പനിക്കുണ്ടെന്നാണ് കരാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ടൂബ സംഭരണ കേന്ദ്രത്തിൽനിന്ന് ബനിയാസിലെത്തി തിരിച്ചെത്തുന്നതുൾപ്പെടെയുള്ള യാത്രയ്ക്ക് പരമാവധി അഞ്ച് ദിവസം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

ഒക്ടോബർ 26ന് കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഏകദേശം 16 ലക്ഷം ബാരൽ എണ്ണ ഇതിനകം കയറ്റിയയച്ചിട്ടുണ്ട്. ഒക്ടോബർ 14 മുതൽ മൂന്ന് മാസത്തിനുള്ളിൽ 50 ലക്ഷം മുതൽ 1.4 കോടി ബാരൽ വരെ ഹെവി ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. ബാരലിന് 38 ഡോളർ ഇളവ് നൽകിയാണ് ഈ ഇടപാട് നടത്തുന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

സിറിയയിലെ ബനിയാസ് തുറമുഖത്ത് എത്തിക്കുന്ന എണ്ണ പിന്നീട് കപ്പലുകളിൽ കയറ്റി ഗ്രീസ്, ഇറ്റലി, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ മെഡിറ്ററേനിയൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണശാലകളിലേക്ക് കൊണ്ടുപോകുന്നു. സിറിയയിലൂടെയുള്ള ഗതാഗതത്തിനും അനുബന്ധ ചെലവുകൾക്കുമായി ഓരോ ബാരലിനും ഏകദേശം 12 ഡോളർ യുഇസിസിക്ക് ലഭിക്കും.

അതേസമയം, ട്രക്കുകളെ മാത്രം ആശ്രയിച്ചുള്ള കയറ്റുമതിക്ക് പരിമിതികളുമുണ്ട്. വാഹനങ്ങളുടെ ലഭ്യത, ഗതാഗത സൗകര്യങ്ങൾ, യാത്രയ്ക്കെടുക്കുന്ന സമയം തുടങ്ങിയ ഘടകങ്ങൾ കയറ്റുമതി വർധിപ്പിക്കുന്നതിന് തടസ്സമാകാം. അതിനാൽ സമീപഭാവിയിൽ പ്രതിദിന കയറ്റുമതി ഇതിലും ഉയർത്തുക എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ.

ഒപെകിന്റെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ടിൽ ഉദ്ധരിച്ച കണക്കുകൾ പ്രകാരം ഒക്ടോബറിൽ ഇറാഖിന്റെ പ്രതിദിന എണ്ണ ഉൽപ്പാദനം ഏകദേശം 45 ലക്ഷം ബാരലായിരുന്നു. തൊട്ടുമുൻപത്തെ മാസത്തെ അപേക്ഷിച്ച് അഞ്ച് ലക്ഷം ബാരലിന്റെ വർധനവാണിത്.

ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള എണ്ണവിപണിയെ ബാധിക്കുന്ന സാഹചര്യത്തിൽ, കയറ്റുമതിക്കായി ഒറ്റ പാതയെ മാത്രം ആശ്രയിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഇറാഖിനെ പുതിയ നീക്കത്തിലേക്ക് നയിക്കുന്നത്. സിറിയ വഴിയുള്ള കരമാർഗം നിലവിൽ പരിമിതമായ അളവിലുള്ള കയറ്റുമതിക്കാണ് സഹായിക്കുന്നതെങ്കിലും ഭാവിയിൽ ഇറാഖിന്റെ ഊർജ കയറ്റുമതി തന്ത്രത്തിൽ നിർണായക സ്ഥാനം നേടാൻ ഈ പാതയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

0 0 votes
Rate This News Article
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You may have missed

0
Would love your thoughts, please comment.x
()
x