ഇന്ത്യയ്ക്ക് ആവേശജയം; പാകിസ്താനെ 3-2ന് വീഴ്ത്തി സാഫ് ചാമ്പ്യൻഷിപ്പിൽ വിജയത്തുടക്കം

0
india-vs-pakistan-saff-championship-2026-football-match-result-ibn-malayalam.jpg

സാഫ് ചാമ്പ്യൻഷിപ്പ് 2026-ൽ ചിരവൈരികളായ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് വിജയത്തുടക്കം. ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടി ആധിപത്യം സ്ഥാപിച്ച ഇന്ത്യയ്ക്ക് അവസാന നിമിഷങ്ങളിൽ പാകിസ്താന്റെ തിരിച്ചടി അതിജീവിക്കേണ്ടിവന്നു. സുഹൈൽ അഹമ്മദ് ഭട്ടിന്റെ ഇരട്ടഗോളുകളും മംഗ്ലെന്താങ് കിപ്ഗന്റെ ഒരു ഗോളുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോളുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 13-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ ലഭിച്ചു. മുഹമ്മദ് സുഹൈൽ നൽകിയ മികച്ച പാസിൽ സുഹൈൽ അഹമ്മദ് ഭട്ട് പന്ത് വലയിലെത്തിച്ചു. ആറു മിനിറ്റിനുശേഷം അഭിഷേക് സൂര്യവംശിയുടെ കൃത്യമായ പാസ് സ്വീകരിച്ച് ഭട്ട് തന്റെ രണ്ടാം ഗോളും നേടി. ഇതോടെ ഇന്ത്യയുടെ ലീഡ് രണ്ടായി ഉയർന്നു.

31-ാം മിനിറ്റിൽ മംഗ്ലെന്താങ് കിപ്ഗൻ ഇന്ത്യയുടെ മൂന്നാം ഗോൾ നേടി. നൗഫൽ പി.എൻ നൽകിയ പാസ് സ്വീകരിച്ച കിപ്ഗൻ പാകിസ്താൻ ഗോൾകീപ്പറെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 3-0ന് മുന്നിലായിരുന്നു.

ഇതിനിടെ പാകിസ്താന് പെനാൽറ്റിയിലൂടെ തിരിച്ചുവരാനുള്ള അവസരം ലഭിച്ചെങ്കിലും ഷായക് ദോസ്തിന്റെ കിക്ക് ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിലും ഇന്ത്യ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കൂടുതൽ ഗോളുകൾ നേടാനായില്ല.

മത്സരം ഇന്ത്യ അനായാസം സ്വന്തമാക്കുമെന്ന് കരുതിയിരിക്കെയാണ് ഇഞ്ചുറി ടൈമിൽ പാകിസ്താന്റെ തിരിച്ചടി. 91-ാം മിനിറ്റിൽ ജുനൈദ് ഷായുടെ ക്രോസിൽ നിന്ന് നജീബ് ഉള്ള പാകിസ്താനായി ആദ്യ ഗോൾ നേടി. 94-ാം മിനിറ്റിൽ അലംഗീർ ഗാസി മറ്റൊരു ഗോൾ കൂടി നേടിയതോടെ മത്സരം ആവേശകരമായി. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി പാകിസ്താൻ ശ്രമിച്ചെങ്കിലും ഇന്ത്യ ലീഡ് നിലനിർത്തി വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ ഇന്ത്യ മൂന്ന് പോയിന്റുമായി മുന്നിലെത്തി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തുടർച്ചയായ മൂന്നാം സാഫ് കിരീടമാണ് ലക്ഷ്യമിടുന്നത്. നവംബർ 11-ന് മാലദ്വീപിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് സെമിഫൈനലിലേക്ക് യോഗ്യത ലഭിക്കും

0 0 votes
Rate This News Article
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You may have missed

0
Would love your thoughts, please comment.x
()
x