മെലോനിയുമായി കൂടിക്കാഴ്ച നടത്തി ടാറ്റാ സൺസ് ചെയർമാൻ; ഇവെകോ ഏറ്റെടുക്കലിന് പിന്നാലെ നിർണായക നീക്കം

0
tata-chandrasekaran-giorgia-meloni-iveco-acquisition-italy-2026-ibn-malayalam.jpg

ടാറ്റ ഗ്രൂപ്പിന്റെ ആഗോള വാഹനവിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. റോമിലെ പലാസോ ചിഗിയിലാണ് കൂടിക്കാഴ്ച നടന്നത്. ടാറ്റ മോട്ടോഴ്സ് ഇറ്റലിയിലെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ ഇവെകോ ഗ്രൂപ്പിനെ ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

ഇവെകോയുടെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കിയതും തുടർന്നുള്ള ബിസിനസ് പദ്ധതികളും ചന്ദ്രശേഖരൻ മെലോണിയെ ധരിപ്പിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വ്യാവസായിക, സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.

ഇവെകോയുടെ 89.42 ശതമാനം ഓഹരികളാണ് ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയത്. ഏകദേശം 3.43 ബില്യൺ യൂറോ (ഏകദേശം 31,000 കോടി രൂപ) ചെലവഴിച്ചാണ് ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. 2008ൽ ജാഗ്വാർ ലാൻഡ് റോവറിനെ സ്വന്തമാക്കിയതിനുശേഷം ടാറ്റ മോട്ടോഴ്സ് നടത്തുന്ന ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലാണിത്.

ഇവെകോയുടെ വ്യാവസായിക പാരമ്പര്യവും ആഗോള വിപണിയിലെ സാന്നിധ്യവും ടാറ്റ മോട്ടോഴ്സിന് പുതിയ വളർച്ചാ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. ട്രക്കുകൾ, ബസുകൾ, പവർട്രെയിൻ സാങ്കേതികവിദ്യകൾ എന്നിവയിൽ ഇവെകോയ്ക്കുള്ള വൈദഗ്ധ്യം ടാറ്റയുടെ നിലവിലുള്ള ബിസിനസിന് കരുത്തുപകരും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉൽപാദനവും വിൽപനയും ഗണ്യമായി വർധിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. പ്രതിവർഷം ആറു ലക്ഷം വാഹനങ്ങൾ വിൽക്കുകയെന്ന ലക്ഷ്യവും ചന്ദ്രശേഖരൻ മുന്നോട്ടുവച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സും ഇവെകോയും ഒന്നിക്കുന്നതോടെ 130ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആഗോള വാണിജ്യ വാഹന സംരംഭമായി മാറും. സംയോജിത കമ്പനിയുടെ വരുമാനം ഏകദേശം 21 ബില്യൺ യൂറോ അഥവാ 2.28 ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്.

33,000 ജീവനക്കാരും 16 ഫാക്ടറികളും 22 ഗവേഷണ-വികസന കേന്ദ്രങ്ങളുമുള്ള ഇവെകോയുടെ ആഗോള ശൃംഖല ടാറ്റയ്ക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. യൂറോപ്പ്, ഇന്ത്യ, ദക്ഷിണ അമേരിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വിപണികളിൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും ഏറ്റെടുക്കൽ സഹായിക്കും.

0 0 votes
Rate This News Article
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You may have missed

0
Would love your thoughts, please comment.x
()
x