നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘അമ്മു–നിമ്മു’ കാർണിവലിനെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ ചർച്ച. പ്രീ-വെഡ്ഡിങ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കാർണിവലിൽ പൊക്കം കുറഞ്ഞവരെ വിനോദത്തിനും അലങ്കാരത്തിനുമായി ഉപയോഗിച്ചുവെന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉയർന്നത്.
കാർണിവലിന്റെ ചിത്രങ്ങൾ അഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനം ശക്തമായത്. പൊക്കം കുറഞ്ഞവരെ കൗതുകവസ്തുക്കളായും അലങ്കാര ഘടകങ്ങളായും അവതരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. ഇവരെ വിനോദത്തിനായി ഉപയോഗിച്ചുവെന്ന ആരോപണവും ഉയർന്നു.

അഹാനയുടെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് താരം നേരിട്ട് മറുപടി നൽകുകയും ചെയ്തു. കാർണിവലിൽ പങ്കെടുത്ത ജഗ്ലർമാരെയും മറ്റ് കലാകാരന്മാരെയും ഒരു ഏജൻസി വഴിയാണ് ബുക്ക് ചെയ്തതെന്ന് അഹാന വ്യക്തമാക്കി. ഉയരം, ലിംഗഭേദം, ശരീരപ്രകൃതി എന്നിവ പരിഗണിച്ച് ആരെയും ആവശ്യപ്പെട്ടിരുന്നില്ലെന്നും അവർ പറഞ്ഞു.
തങ്ങൾ ആവശ്യപ്പെട്ടത് പ്രഫഷനൽ കാർണിവൽ കലാകാരന്മാരെയാണെന്നും ഏജൻസി അവരുടെ ടീമിൽനിന്നുള്ള കലാകാരന്മാരെയാണ് അയച്ചതെന്നും അഹാന വിശദീകരിച്ചു. ചടങ്ങിൽ എത്തിയ കലാകാരന്മാർ സന്തുഷ്ടരായിരുന്നുവെന്നും എല്ലാവർക്കും മികച്ച അനുഭവമായിരുന്നുവെന്നും അവർ പറഞ്ഞു.

അഹാനയുടെ വിശദീകരണത്തിൽ, ചടങ്ങിൽ പങ്കെടുത്തവർ അലങ്കാര വസ്തുക്കളായിരുന്നില്ലെന്നും അവർ പ്രഫഷനൽ കലാകാരന്മാരായിരുന്നുവെന്നുമാണ് താരം വ്യക്തമാക്കിയത്. വിഷയത്തിന്റെ പൂർണമായ പശ്ചാത്തലം മനസ്സിലാക്കാതെ വിധിയെഴുതുന്നതാണ് യഥാർഥത്തിൽ ആളുകളെ വസ്തുവത്കരിക്കുന്നതെന്ന നിലപാടും അഹാന പങ്കുവച്ചു.
അതേസമയം, അഹാനയെ പിന്തുണച്ച് നിരവധി പേരും രംഗത്തെത്തി. കാർണിവൽ കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും തൊഴിൽ ലഭിക്കാനുമുള്ള അവസരമായാണ് ഇത്തരം പരിപാടികളെ കാണേണ്ടതെന്ന അഭിപ്രായങ്ങളാണ് ചിലർ പങ്കുവച്ചത്.
തൊഴിലിടങ്ങളിൽ വിവേചനം നേരിടുന്നുണ്ടെങ്കിൽ അതിനെതിരെ ചർച്ചയും ഇടപെടലും വേണമെന്നും, എന്നാൽ ഒരു വിഭാഗത്തിന് ലഭിക്കുന്ന തൊഴിൽ അവസരങ്ങൾ തന്നെ ഇല്ലാതാക്കുന്നത് പരിഹാരമല്ലെന്നും പിന്തുണച്ചവർ അഭിപ്രായപ്പെട്ടു.
അഹാന കൃഷ്ണയും നിമിഷ് രവിയും സെപ്റ്റംബർ 13ന് കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ടിൽ വിവാഹിതരായിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന വിവിധ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പിന്നീട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതിനിടെയാണ് ‘അമ്മു–നിമ്മു’ കാർണിവലിനെക്കുറിച്ചുള്ള പുതിയ ചർച്ചയും ഉണ്ടായത്.
കാർണിവൽ ആഘോഷവുമായി ബന്ധപ്പെട്ട വിമർശനത്തിൽ അഹാന നൽകിയ വിശദീകരണത്തോടെ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഒരു വിഭാഗം പരിപാടിയുടെ അവതരണത്തെ ചോദ്യം ചെയ്യുമ്പോൾ, മറ്റൊരു വിഭാഗം കലാകാരന്മാരുടെ തൊഴിൽ അവസരവും പ്രഫഷനൽ നിലയും പരിഗണിക്കണമെന്നാണ് പറയുന്നത്.
