വി.എസ്. ബാബുവിന്റെ മൃതദേഹം ചുമലിലേറ്റി മുഖ്യമന്ത്രി വിജയ്; ചെരുപ്പൂരി 2.3 കിലോമീറ്റർ കാൽനടയായി അന്ത്യയാത്ര

0
joseph-vijay-carries-vs-babu-funeral-bier-walks-barefoot-2-km-tamil-nadu-cm-news

ചെന്നൈ: അന്തരിച്ച ടിവികെ എംഎൽഎ വി.എസ്. ബാബുവിന്റെ മൃതദേഹം ചുമലിലേറ്റി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന അന്ത്യയാത്രയിൽ ചെരുപ്പൂരി പങ്കെടുത്ത വിജയ്, മൃതദേഹം വീട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ മറ്റ് മൂന്ന് പേർക്കൊപ്പം ചുമലിലേറ്റുകയും ചെയ്തു. തുടർന്ന് മൃതദേഹം വഹിച്ചുകൊണ്ടുപോയ വാഹനത്തിന് സമീപം ഏകദേശം 2.3 കിലോമീറ്ററോളം ദൂരം അദ്ദേഹം ചെരുപ്പില്ലാതെ നടന്നുനീങ്ങി.

മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തി രാഷ്ട്രീയ ശ്രദ്ധ നേടിയ നേതാവായിരുന്നു വി.എസ്. ബാബു. 75 വയസ്സായിരുന്നു. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.

സെപ്റ്റംബർ ഒമ്പതിനാണ് അദ്ദേഹത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് മാസത്തിലേറെയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.24നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച പെരമ്പൂരിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി വിജയ് ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, അന്ത്യയാത്രയിലും സജീവമായി പങ്കുചേർന്നു. മന്ത്രിമാർ, ടിവികെ എംഎൽഎമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ, പാർട്ടി പ്രവർത്തകർ എന്നിവരും അന്ത്യയാത്രയിൽ പങ്കെടുത്തു.

തിരുവി.ക നഗറിലെ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. വി.എസ്. ബാബുവിനോടുള്ള ആദരസൂചകമായി തമിഴ്നാട്ടിൽ ഏഴുദിവസത്തെ ദുഃഖാചരണവും ടിവികെ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടിയുടെ ഔദ്യോഗിക പരിപാടികൾ മാറ്റിവെക്കുകയും പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു.

0 0 votes
Rate This News Article
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You may have missed

0
Would love your thoughts, please comment.x
()
x