ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ അടുത്ത വമ്പൻ ലോഞ്ച് ഇവന്റ് സെപ്റ്റംബർ 9ന് നടക്കും. കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്ത് രാവിലെ 10 മണിക്ക് പസഫിക് സമയം അനുസരിച്ചാണ് പരിപാടി ആരംഭിക്കുക.
മാധ്യമങ്ങൾക്ക് അയച്ച ക്ഷണക്കത്തിൽ “Surprise and shine” എന്ന ടാഗ്‌ലൈനും പ്രകാശിക്കുന്ന ആപ്പിൾ ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഐഫോൺ ഉൾപ്പെടെയുള്ള പ്രധാന ഉൽപ്പന്ന പ്രഖ്യാപനങ്ങളാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.
പുതിയ iPhone മോഡലുകൾക്കും Apple Watch-ുകൾക്കും പുറമെ, ആപ്പിളിന്റെ ചരിത്രത്തിലെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. ഫോൾഡബിൾ ഫോൺ സംബന്ധിച്ച ആപ്പിളിന്റെ നീക്കം ഏറെക്കാലമായി ടെക് വിപണിയിൽ ചർച്ചയായിരുന്നു.
ഇതിനൊപ്പം പുതിയ Siri AI പതിപ്പും അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ആധുനിക Large Language Model സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുതിയ Siri-യ്ക്ക് മെസേജിംഗ്, കലണ്ടർ തുടങ്ങിയ ആപ്പുകളുമായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
ഈ ലോഞ്ച് ഇവന്റിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആപ്പിളിന്റെ നിലവിലെ സിഇഒ ടിം കുക്ക് സെപ്റ്റംബർ 1ന് സിഇഒ സ്ഥാനത്തുനിന്ന് മാറി എക്സിക്യൂട്ടീവ് ചെയർമാനാകുകയും ജോൺ ടെർണസ് പുതിയ സിഇഒയായി ചുമതലയേൽക്കുകയും ചെയ്യും.
അതുകൊണ്ടുതന്നെ ജോൺ ടെർണസ് സിഇഒ ആയതിന് ശേഷമുള്ള ആപ്പിളിന്റെ ആദ്യത്തെ പ്രധാന ഉൽപ്പന്ന ലോഞ്ചായിരിക്കും സെപ്റ്റംബർ 9ലെ ഇവന്റ്. പുതിയ ഐഫോൺ, ഫോൾഡബിൾ മോഡൽ, Apple Watch, Siri AI എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾക്കായി ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.