[social-share id=384]
തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരള ബിജെപിയിൽ പുതിയ അധികാരപ്പോരിലേക്ക് വഴിമാറുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, വൈസ് പ്രസിഡന്റ് കെ. സോമൻ, ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷൻ സന്ദീപ് വചസ്പതി എന്നിവരെ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റാനുള്ള നീക്കം പാർട്ടിയിൽ ശക്തമായതായാണ് സൂചനകൾ. ഇവരുടെ പദവികൾ സംബന്ധിച്ച് നേതൃത്വത്തിനുള്ളിൽ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിനിൽക്കുകയാണ്.
മുരളീധര പക്ഷത്തിന്റെ നിലപാട് കടുക്കുന്നു
പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ സമഗ്രമായ പരിശോധന വേണമെന്ന ആവശ്യത്തിൽ വി. മുരളീധരൻ ഉറച്ചുനിൽക്കുന്നു. “പാർട്ടിയുടെ പണം എവിടെ പോയെന്ന് അറിയണം” എന്ന നിലപാടിലാണ് അദ്ദേഹവും അനുയായികളും. സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് തെളിഞ്ഞാൽ പദവിയുടെ വലിപ്പം നോക്കാതെ കർശന നടപടിയെടുക്കണമെന്നും, കുറ്റക്കാരെ സംരക്ഷിക്കരുതെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫണ്ട് സമാഹരണവും അത് വിനിയോഗിച്ച കണക്കുകളും പരസ്യപ്പെടുത്തണമെന്ന ആവശ്യമുയർന്നതോടെ തർക്കം കടുത്തു.
ആലപ്പുഴയിലും വട്ടിയൂർകാവിലും ആരോപണങ്ങൾ
കൃഷ്ണദാസ് പക്ഷത്തിന്റെ ജില്ലയിലെ പ്രമുഖ നേതാവും ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷനുമായ സന്ദീപ് വചസ്പതിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ഹരിപ്പാട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സന്ദീപിന് തിരിച്ചടിയായേക്കാം. വട്ടിയൂർകാവ് മണ്ഡലത്തിലെ ഫണ്ട് കൈകാര്യം ചെയ്തതിലെ വീഴ്ചയിൽ കെ. സോമനെതിരെ പരാതികൾ നിലനിൽക്കുന്നുണ്ട്.
സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾ
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് നിർണായകമാണ്. തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ പാർട്ടിയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “ഉപ്പ് തിന്നവർ വെള്ളം കുടിക്കും” എന്നും സാമ്പത്തിക അച്ചടക്കലംഘനങ്ങളിൽ കർശന നടപടിയുണ്ടാകുമെന്നും നേതൃത്വം ഉറപ്പുനൽകുന്നുണ്ടെങ്കിലും, പ്രധാന നേതാക്കൾക്കെതിരായ നടപടി സംഘടനാ പുനഃസംഘടനയിലേക്കും ഗ്രൂപ്പ് സമവാക്യങ്ങളുടെ മാറ്റത്തിലേക്കും വഴിതുറക്കുമോ എന്നാണ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.