[social-share id=384]
ആഗോള എണ്ണവ്യാപാരത്തിന്റെ നാഡിഞരമ്പായ ഹോർമൂസ് കടലിടുക്ക് (Strait of Hormuz) തുറക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് കൂടുതൽ കടുപ്പിച്ച് ഇറാൻ.
തങ്ങൾക്കെതിരെയുള്ള സൈനിക അധിനിവേശവും നാവിക ഉപരോധവും (US Blockade) പൂർണ്ണമായി അവസാനിപ്പിക്കാതെയും യുഎസ് തങ്ങളുടെ നിലപാടുകളിൽ തിരുത്തൽ വരുത്താതെയും തന്ത്രപ്രധാനമായ ഈ ജലപാത വീണ്ടും തുറന്നുനൽകില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും (SNSC) ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) വ്യക്തമാക്കി.
ഒമാന്റെ മധ്യസ്ഥതയിൽ സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാൻ തങ്ങളുടെ ‘റെഡ് ലൈൻ’ പരസ്യമാക്കി രംഗത്തെത്തിയത്.
ഒമാനുമായുള്ള ചർച്ചകൾ കപ്പൽ സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള സാങ്കേതിക നീക്കം മാത്രമാണെന്നും, ഹോർമൂസ് കടലിടുക്ക് പൂർണ്ണമായി തുറക്കുന്നത് അമേരിക്ക ഇറാനുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കുന്നതിനെയും നഷ്ടപരിഹാരം നൽകുന്നതിനെയും ആശ്രയിച്ചായിരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ തർക്കത്തിൽ തങ്ങൾ വഴങ്ങില്ലെന്ന ശക്തമായ സന്ദേശമാണ് ടെഹ്റാൻ നൽകുന്നത്.
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സൈനിക നടപടികൾക്ക് തിരിച്ചടിയായാണ് ഫെബ്രുവരി മുതൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞത്.
ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ കാൽഭാഗവും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) അഞ്ചിലൊന്നും കടന്നുപോകുന്ന ഈ നിർണ്ണായക പാത അടഞ്ഞതോടെ ആഗോള തലത്തിൽ ഇന്ധനവില കുതിച്ചുയരുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്.
വാഷിംഗ്ടൺ തങ്ങളുടെ ഉപരോധം തുടരുന്നിടത്തോളം കാലം മേഖലയിലെ കപ്പൽ ഗതാഗത പുനഃസ്ഥാപനം അസാധ്യമായി തുടരുമെന്നാണ് വിദേശകാര്യ നിരീക്ഷകരുടെ വിലയിരുത്തൽ.