LIVE |
Advertisement
Home Breaking News Article

ഉരുൾപൊട്ടൽ കവർന്ന അമ്മ-മകന് അശ്രുപൂജ

news image

കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ദാരുണമായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട റെജീന ജോണിക്കും മകൻ ജോസഫൈൻ ജോണി (27) ക്കും പയ്യാനിത്തോട്ടം നിവാസികൾ കണ്ണീരണിഞ്ഞ വിട നൽകി.

പ്രകൃതിയുടെ പ്രകോപനത്തിൽ കുടുംബത്തിന്റെ വീടും സമ്പാദ്യവുമെല്ലാം പൂർണ്ണമായി മണ്ണിനടിയിലായതോടെ, മൃതദേഹങ്ങൾ പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് പബ്ലിക്ക് സ്കൂളിലാണ് പൊതുദർശനത്തിനായി എത്തിച്ചത്.

വിതുമ്പുന്ന മനസ്സോടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് നാട്ടുകാരും സുഹൃത്തുക്കളും ജനപ്രതിനിധികളും സ്കൂളിലേക്ക് ഒഴുകിയെത്തി.

തുടർന്ന് വൈകുന്നേരത്തോടെ പയ്യാനിത്തോട്ടം സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ശാന്തമായി ഉറങ്ങിക്കിടന്ന ഗ്രാമത്തെ നടുക്കി മണപ്പാട്ട് വീട്ടിൽ എം. ജെ. ജോണിയുടെ വീടിന് മുകളിലേക്ക് ഉരുൾപൊട്ടി മണ്ണും പാറയും ഇരച്ചെത്തിയത്.

ആ സമയം വീട്ടിൽ ഉറങ്ങുകയായിരുന്ന ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫൈനും നിമിഷങ്ങൾക്കകം മണ്ണിനടിയിൽപ്പെടുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിന് കൂട്ടായി ജോണി പോയതും, മക്കളായ ജോമിറ്റും സോമിറ്റും ജോമിറ്റിന്റെ ഭർത്താവിന്റെ വീട്ടിലായിരുന്നതും കൊണ്ട് മാത്രമാണ് അവർ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വൻ ശബ്ദം കേട്ട് ഞെട്ടിയുണർന്ന അയൽവാസി വിവരമറിയിച്ചപ്പോഴാണ് ജോണി ദുരന്തവാർത്ത അറിയുന്നത്.

വീട് പൂർണ്ണമായും മണ്ണുമൂടിപ്പോയതിനാൽ നാട്ടുകാർക്ക് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തുക അത്യന്തം ദുഷ്കരമായിരുന്നു. പിന്നീട് മണ്ണുമാന്തി യന്ത്രങ്ങളും ഫയർഫോഴ്സും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ജോസഫൈന്റെയും തൊട്ടുപിന്നാലെ റെജീനയുടെയും ചേതനയറ്റ ശരീരങ്ങൾ പുറത്തെടുത്തത്. കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് കേവലം രണ്ടു വർഷം മുമ്പ് മാത്രം നിർമ്മിച്ച പുതിയ സ്വപ്നഭവനമാണ് ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാതായത്. നാടിനെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയ ഈ ഓർമ്മയിൽ നിന്ന് പയ്യാനിത്തോട്ടം ഗ്രാമം ഇനിയും മോചിതരായിട്ടില്ല.

Share

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു